കോഴിക്കോട്: സി.പി.എമ്മിന് ജില്ലയിൽ സംഘടനാദൗർബല്യമുണ്ടായെന്ന് സമ്മതിച്ച് ജില്ലാനേതൃത്വം. അത് പരിഹരിക്കാനുള്ള നടപടികളാണ് രണ്ടുദിവസമായി നടന്ന വിപുലീകൃത ജില്ലാകമ്മിറ്റിയിൽ ചർച്ചചെയ്തതെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. താഴെത്തട്ടിൽ ജനങ്ങൾക്കിടയിൽ കൂടുതൽ ഇടപെടാനുള്ള മൈക്രോപ്ലാനുകൾ നടപ്പാക്കും. പാർട്ടിയുടെ ശാസ്ത്രീയവും പ്രത്യയശാസ്ത്രപരവുമായ ദൗർബല്യങ്ങൾ പരിഹരിക്കാനാവശ്യമായ നിർദേശങ്ങളാണ് കമ്മിറ്റിയിൽ ഉയർന്നുവന്നത്. പാർട്ടി അംഗങ്ങളുടെ സംഘടനാബോധവും പ്രത്യയശാസ്ത്രനിലവാരവും ഉയർത്താനാവശ്യമായ വിദ്യാഭ്യാസപരിപാടികൾക്ക് രൂപംനൽകി. ജില്ലാകമ്മിറ്റി മുതൽ ബ്രാഞ്ച് തലംവരെ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. നവംബർ-ഡിസംബർ മാസങ്ങളിലായി ജില്ലയിലെ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ക്ലാസുകൾ നൽകും.
വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, പ്രൊഫഷണലുകൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. പുതുതലമുറ തൊഴിൽമേഖലയിൽ ട്രേഡ് യൂണിയനുകളുണ്ടാക്കും. കർഷകസംഘത്തിന്റെ പ്രവർത്തനം സജീവമാക്കും.
കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുമാത്രമായി പ്രത്യേക കാരണമില്ലെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മൊത്തത്തിലുണ്ടായ യു.ഡി.എഫ്. തരംഗം കോഴിക്കോട്ടും ബാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയുൾപ്പെടെ എല്ലാവരും ഒരുമിച്ച് സി.പി.എമ്മിനെതിരേ നിന്നപ്പോൾ പാർട്ടിയുമായി ചേർന്നിരുന്ന ന്യൂനപക്ഷവിഭാഗങ്ങൾ ഉൾപ്പെടെ തെറ്റിദ്ധരിക്കപ്പെട്ടു. അവർ പാർട്ടിക്കെതിരായി വോട്ടുചെയ്തു. ഇതിലും മോശമായ തിരിച്ചടികൾ മുൻപുമുണ്ടായിട്ടുണ്ട്. പക്ഷേ, പരാജയത്തിൽനിന്ന് പാഠമുൾക്കൊള്ളും.
സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പി.ബി. അംഗം പിണറായി വിജയനും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി ജില്ലാ സെക്രട്ടറി എം. മെഹബൂബും അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചനടന്നത്. അഞ്ചുമണിക്കൂർ 18 മിനിറ്റ് നീണ്ടുനിന്ന ചർച്ചയിൽ 35 പേർ പങ്കെടുത്തു. കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രക്ഷോഭത്തിനിറങ്ങുമെന്ന് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. ഇ.എസ്.ഐ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് മറുപടിപറയവേ എം. മെഹബൂബ് മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റിന്റെ വാലാട്ടികളെന്ന് വിളിച്ചെങ്കിലും എ. പ്രദീപ്കുമാറും പി. മോഹനനും വി. വസീഫും ഉൾപ്പെടെയുള്ളവർ ഇടപെട്ട് അത് തിരുത്തി.