ആഹാരത്തിലും ആരോഗ്യസംരക്ഷണത്തിലും എള്ളിന് വളരെ പ്രാധാന്യമുണ്ട്. വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകൾക്ക് ബലം നൽകാനുമെല്ലാം എള്ള് സഹായിക്കുന്നുണ്ട്. ആയുർവേദത്തിൽ എള്ളിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
എള്ളിൽനിന്നെടുക്കുന്ന എണ്ണയാണ് എള്ളെണ്ണ അഥവാ നല്ലെണ്ണ. ഇളംമഞ്ഞ അഥവാ സ്വർണനിറത്തിലുള്ള സവിശേഷ ഗന്ധകാരിയായ എള്ളെണ്ണയെ ആയുർവേദത്തിൽ ഏറ്റവും ഉത്തമമായ എണ്ണയായിട്ടാണ് പറഞ്ഞിരിക്കുന്നത്.
ഭാവപ്രകാശം, രാജനിഘണ്ടു, സരസ്വതിനിഘണ്ടു, ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, ധന്വന്തരിനിഘണ്ടു, അഷ്ടാംഗസംഗ്രഹം തുടങ്ങി വിവിധ ഗ്രന്ഥങ്ങളിൽ എള്ളിന്റെ ഗുണങ്ങളെക്കുറിച്ചും എള്ള് സംസ്‌കരിച്ചുള്ള വിവിധ രീതികളിലുള്ള പ്രയോഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
‘സെസാമം ഇൻഡിക്കം’ എന്നാണ് എള്ളിന്റെ ശാസ്ത്രനാമം. ‘പെഡാലിയേസിയെ’ സസ്യ കുടുംബത്തിലാണ് എള്ളുൾപ്പെടുന്നത്. സംസ്‌കൃതത്തിൽ തില, സ്‌നേഹഫല, പവിത്രം എന്നിങ്ങനെ പേരുകളുണ്ട്. ആയുർവേദഗ്രന്ഥങ്ങളിൽ ‘തില’ എന്ന പേരാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, സിങ്ക്, മാംഗനീസ്, ചെമ്പ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റമിനുകൾ തുടങ്ങി വളരെയധികം പോഷക ഘടകങ്ങൾ എള്ളിലുണ്ട്. എള്ളെണ്ണയിൽ ലിനോലെയിക് ആസിഡ്, ഒലിയിക് ആസിഡ്, സ്റ്റിയറിക് ആസിഡ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. എള്ളുമണികളിൽ ഏകദേശം അൻപതുശതമാനത്തോളം എണ്ണയടങ്ങിയിട്ടുണ്ട്.
എള്ള് ചുക്കുണ്ട
ചേരുവകൾ: ചുക്കുപൊടി - 50 ഗ്രാം, ശർക്കര - 100 ഗ്രാം, എള്ള് - 200 ഗ്രാം (കഴുകി ഉണക്കി വറുത്ത് മിക്‌സിയിൽ ചതച്ചത്).
തയ്യാറാക്കുന്ന വിധം: ശർക്കര പാത്രത്തിലിട്ട് ചൂടാക്കി പാനിയാക്കുക. ചെറുതീയിൽ ചൂടാക്കിക്കൊണ്ടിരിക്കുക. അതിലേക്ക് ചുക്കുപൊടി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. അതിനുശേഷം ചതച്ച എള്ളുകൂടി ചേർത്ത് ഇളക്കി ഇറക്കുക. ചൂടാറുന്നതിനു മുൻപ് ഉരുളകളാക്കുക. ഇത് ഒരു പാത്രത്തിൽ അടച്ചുവെച്ച് ദിവസവും കഴിക്കാവുന്നതാണ്.
ഇത് നല്ലൊരു ഔഷധവും ആഹാരവുമാണ്. ചുമ, ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഔഷധമായി ഉപയോഗിക്കാം. പ്രതിരോധശക്തിക്കും ഇത് കഴിക്കുന്നത് നല്ലതാണ്. ആർത്തവസംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ദിവസവും കഴിക്കാം. ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്.
റാഗി എള്ളുണ്ട
ചേരുവകൾ: എള്ള് വറുത്തുപൊടിച്ചത് - രണ്ടു കപ്പ്, റാഗി വറുത്തുപൊടിച്ചത് - രണ്ടു കപ്പ്, വറുത്തുപൊടിച്ച കപ്പലണ്ടി - മുക്കാൽ കപ്പ്, അണ്ടിപ്പരിപ്പ് പൊടിയാക്കിയത് - മുക്കാൽ കപ്പ്, നാളികേരം - ഒരെണ്ണം ചിരവിയത്, നെയ്യ് - രണ്ട് ടീസ്പൂൺ, ശർക്കരപ്പാനി - 750 മില്ലി, ഏലയ്ക്കപ്പൊടി - ഒരു ടീസ്പൂൺ, ചുക്കുപൊടി - ഒരു ടീസ്പൂൺ, ജീരകപ്പൊടി - ഒരു ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം: ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. ചിരകിവെച്ചിട്ടുള്ള നാളികേരം അതിലേക്കുചേർത്ത് ഇളക്കുക. സ്വർണനിറമാകുമ്പോൾ ശർക്കരപ്പാനി അതിലേക്കൊഴിച്ച് ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കുക. തുടർന്ന് കപ്പലണ്ടി പൊടിച്ചതും അണ്ടിപ്പരിപ്പ് പൊടിച്ചതും അതിലേക്ക് ചേർക്കുക. നൂൽപാകമാകുമ്പോൾ ഏലയ്ക്കപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. അതിനുശേഷം ഇറക്കി നെയ്യ് പുരട്ടിയ ഒരു പരന്നപാത്രത്തിൽ പരത്തി വയ്ക്കുക. ചൂടാറുന്നതിനുമുൻപുതന്നെ കൈയിൽ നെയ്യ് പുരട്ടിയശേഷം ഉരുട്ടിയെടുക്കുക.
ഇത് കുപ്പിയിലാക്കി വെച്ച് ദിവസവും കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യസംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. നിയന്ത്രിത അളവിൽ പ്രമേഹരോഗികൾക്കും കഴിക്കാം.
എള്ള് മിഠായി
ചേരുവകൾ: വെളുത്ത എള്ള് - ഒരു കിലോഗ്രാം, കൽക്കണ്ടം - ഒന്നര കിലോഗ്രാം, വെള്ളം - ആവശ്യത്തിന്, നെയ്യ് - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: എള്ള് കഴുകി ഉണക്കി വറുത്തുവയ്ക്കുക. കൽക്കണ്ടവും വെള്ളവും ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കി പാനിയാക്കുക. ചെറുതീയിൽ ചൂടാക്കിക്കൊണ്ടിരിക്കണം. നൂൽപാകമാകുമ്പോൾ അതിലേക്ക് എള്ളു ചേർത്ത് ഇളക്കുക. അതിനുശേഷം ഇറക്കി നെയ്യുപുരട്ടിയ പരന്ന പാത്രത്തിൽ പരത്തിവയ്ക്കുക. ചൂടാറുന്നതിന് മുൻപുതന്നെ ചതുരാകൃതിയിലോ വൃത്താകൃതിയിലോ അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള രൂപത്തിലോ മുറിച്ചെടുത്ത് പാത്രത്തിലാക്കിവെച്ച് കഴിക്കാം.
എള്ളുകൊണ്ട് ചില ഔഷധപ്രയോഗങ്ങൾ
എള്ള് ദിവസവും കുതിർത്തുകഴിക്കുന്നതുകൊണ്ട് ഗുണങ്ങളുണ്ട്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കും. ആർത്തവവിരാമത്തിനുശേഷമുള്ള എല്ലുതേയ്മാനം ഒഴിവാക്കുന്നതിനും എള്ള് കഴിക്കുന്നത് നല്ലതാണ്.
പല്ലുകളുടെ സംരക്ഷണത്തിലും ദിവസവും എള്ള് കഴിക്കുന്നത് ഗുണകരമാണ്. വിളർച്ചരോഗം തടയുന്നതിനും എള്ള് കുതിർത്തുകഴിക്കാം. കറുത്ത എള്ള് കുതിർത്തുകഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. എള്ളിലടങ്ങിയിരിക്കുന്നതും പോഷകഘടകങ്ങൾ ആഗിരണംചെയ്യുന്നത് തടസ്സപ്പെടുത്തുന്നതുമായ ഫൈറ്റിക് ആസിഡിനെ മാറ്റുന്നതിനുവേണ്ടിയാണ് എള്ള് കുതിർത്തു കഴിക്കുന്നത്.
മലബന്ധം മാറുന്നതിനായി എള്ള് പാൽക്കഷായം വെച്ച് കുടിക്കാം. ആർത്തവക്രമക്കേടുകൾ മാറുന്നതിനായി എള്ള് കഷായം വെച്ച് കുടിക്കാം.